Tuesday, April 07, 2009

ജല്പനങ്ങള്‍.

നിങ്ങള്‍ എന്നെ
ഒരു ഏകാധിപതിയാക്കി,
ഇപ്പോള്‍ എന്നെ കുഴിച്ച്‌ മൂടുന്നവരുടെ
തൂമ്പയ്ക്‌ നിങ്ങള്‍ പല്ലുകള്‍,

നിങ്ങളുടെ
കണ്ണുകള്‍ക്ക്‌ ഞാന്‍ തിളക്കമേകി,
ഇപ്പോള്‍ അന്ധകാരത്തിലേക്ക്‌
എന്നെ തള്ളി വീഴ്ത്തുന്നു..

എന്റെ വീടിന്‌
ചിറകു മുളച്ച്‌ എവിടേയ്ക്കോ
പറന്നു പോകുന്നു..

എന്റെ പറമ്പിലെ
മുളങ്കാട്‌ വടി കുത്തിപ്പിടിച്ച്‌
പടിയിറങ്ങുന്നു

എന്നെ
നെഞ്ചേറ്റി ചൂടു പകര്‍ന്ന
നെരിപ്പോട്‌
ദാഹം തീര്‍ക്കാന്‍
നദിയിലിറങ്ങി ഒഴുകിപ്പോകുന്നു,

എന്നെ പാടിയുറക്കിയ
ഉത്സവങ്ങള്‍
ആനയില്ലാതെ
ആരവമില്ലാതെ
കുന്ന് കയറുന്നു,

എന്നെ പോറ്റി
വളര്‍ത്തിയ മൃതദേഹം
ആരോ കീറി മുറിയ്ക്കുന്നു..

അകത്ത്‌
കൊത്തിവലിച്ച്‌
മുളകള്‍ കൊണ്ട്‌ ചികഞ്ഞ്‌
ആരോ ഹൃദയം മിടിപ്പിയ്ക്കുന്നു,

ആഴമാപിനി കൊണ്ട്‌
ആത്മര്‍ത്ഥതയുടെ ആഴം
അളന്ന് കുറിയ്ക്കുന്നു,

വഞ്ചിക്കപ്പെട്ട്‌
കഴിയുമ്പോഴാണ്‌
നമ്മള്‍ പലപ്പോഴും
ആത്മാര്‍ത്ഥതയുടെ
ആഴമറിയുന്നത്‌
എന്ന് പാടിക്കൊണ്ട്‌
ഒരു കുരുവി
ചെവിയ്ക്കുള്ളില്‍
കൂട്‌ കൂട്ടുന്നു..

എന്റെ മൃതദേഹത്തില്‍
ചിലന്തികളുടെ നൃത്തം..

എന്നെ ഏകാധിപതിയാക്കിയവര്‍
ചിലന്തികളെപ്പോലെ
എന്നെ ഇരയാക്കുന്നു..

Friday, February 27, 2009

എന്റെ ജീവിതത്തിലെ ഗാനം!

എന്റെ ജീവിതത്തിലെ ഗാനം
ഇന്നലെ തിരിച്ചു കിട്ടി,
എന്നെ കാത്തിരിക്കുന്ന ഗാനം
ഇന്നും അവിടെയുണ്ട്‌..

പുല്ലാങ്കുഴലില്‍ നിന്ന്
വിളികേട്ടെത്തിയ പൂക്കളില്‍
അവളുടെ തിളങ്ങിയ കണ്ണുകള്‍,
വിടര്‍ന്ന പുഞ്ചിരി,
നിറഞ്ഞ മാസ്സിന്റെ താളം
തുടികൊട്ടിയ
കരചലനങ്ങള്‍..


ഊര്‍മ്മിളയുടെ ദുഖം
അവളുടെ മിഴികളിലില്ല,
തളര്‍ന്ന് തുടങ്ങിയ
താരാട്ടിന്റെ ഈണം
മനസ്സിലുമുണ്ടാവില്ല..

ഇപ്പോള്‍
എന്റെ രാധേ,
നീയെവിടെയെന്ന്
ചോദിക്കാതെ
നീയെവിടെയെന്ന്
ഞാനറിയുന്നു
നിന്റെ നീലച്ചേലയില്‍
ഞാനുണര്‍ന്നിരിക്കുന്നു,
നിന്റെ ചുടു നിശ്വാസത്തില്‍
ഞാനഭയം തേടുന്നു,
നിന്റെ കരപരിലാളനത്തില്‍
എന്റെ ദേഹം പൂക്കുന്നു..

നീ പാടുന്നതോടെ
ഞാന്‍ തളിരിടുന്നു!

കുന്നിന്‍ മുകളിലെ
പച്ചമരച്ചില്ലയില്‍
കുയിലിന്റെ സ്വരം
ഓടക്കുഴല്‍ വിളിയുടെ
പ്രണയാതുര പ്രവാഹം..


എന്റെ പ്രാണനാഥേ,
നിന്റെ ചുണ്ടുകളില്‍
ഞാന്‍ കാത്തുവച്ച പാട്ടുകള്‍,
നിന്റെ കണ്ണുകളില്‍
ഞാന്‍ കോര്‍ത്തു വച്ച പൂവുകള്‍,
നിന്റെ മാറില്‍
ഞാനണിയിച്ച നിറമാല,

ഇന്നലെ
എന്റെ ജീവിതത്ഥിലെ ഗാനം
എന്നെ തേടിയെത്തി,
ഞാനുറങ്ങാതെ കാത്തിരിക്കുന്നു,
നീ പാടുന്നതോടെ മാത്രം
ഞാനുറങ്ങിപ്പോകുന്നു!

Saturday, August 30, 2008

നിലപാടുകള്‍ ഉണ്ടാകുന്നത്‌.

'ഭാരത സംസ്കാരത്തില്‍ നഗ്നതയ്ക്കുള്ള പ്രാധാന്യം എന്ന വിഷയത്തില്‍ ഡോ.രാമവര്‍മ്മ പ്രഭാഷണം നടത്തുന്നുവത്രേ! എന്തൊരു വിഷയദാരിദ്ര്യം, ഇവനൊക്കെ കാശും സമയോം കളഞ്ഞ്‌ ഈ ചര്‍ച്ചകളൊക്കെ നടത്തിയിട്ട്‌ എന്താണാവോ നേട്ടം. ഭൂ..'
പത്രപാരായണവും അതിലെ പുച്ഛവാര്‍ത്തകളുടെ വിമര്‍ശനവും ചാക്കോ സാര്‍ തുടങ്ങിക്കഴിഞ്ഞു. പ്യൂണ്‍ ആണെങ്കിലും ചില കാര്യങ്ങളില്‍ ചാക്കോ സാറിന്റെ പ്രതികരണങ്ങള്‍ പലരേയും എന്ന പോലെ തന്റെയും ചില എഴുത്തുകളെ സ്വാധീനിച്ചിട്ടുണ്ട്‌. അതു കൊണ്ടാവണം എല്ലാവരും ഈ തലമുതിര്‍ന്ന കഥാപാത്രത്തിനു 'സര്‍'ബഹുമതി കൊടുത്തത്‌.
എങ്കിലും ചോദിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല,

'അതെന്താ ചാക്കോ സാറെ വിഷയത്തിനെന്താ കുഴപ്പം? ഇങ്ങനെയൊരു വിഷയത്തില്‍ ഗവേഷണം നടത്തിയാലല്ലേ നമ്മടെ ഹുസ്സൈന്‍ വരച്ച ചില നഗ്ന ചിത്രങ്ങളെ ന്യായീകരിക്കുവാന്‍ പറ്റൂ..?'

'ഓ അപ്പോള്‍ അതാ കാര്യം. എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ സാറെ'ചാക്കോ പത്രം മടക്കി.

ഇങ്ങനെ ചില അടുപ്പക്കാര്‍ നമ്മുടെ ജീവിതത്തെ ഒരു പാട്‌ സ്വാധീനിക്കുന്നു. ഇതൊരു വിഷയമാക്കിയാലോ?
ഉം.. നോക്കാം. ഇപ്പോള്‍ പിടിപ്പത്‌ പണിയുണ്ട്‌. നാളെ ഇന്‍സ്പെക്ഷനുണ്ടെന്നാ കേട്ടത്‌. എന്തെങ്കിലുമൊക്കെ തീര്‍ത്തുവെന്ന് വരുത്തണം . ഓഫീസ്‌ ജോലികള്‍ തീരാത്തതിനു മുന്‍പ്‌ വന്നപ്പോള്‍ ശകാരിച്ചതാണ്‌. ആരോ മേശവലിപ്പില്‍ വച്ചിരുന്ന അന്‍പതു രൂപയും അന്നയാള്‍ പിടിച്ചു. ഒരു എഴുത്തുകാരിയായതിനാലാവണം തന്റെ വാക്കുകള്‍ വിശ്വസിച്ച്‌ അയാള്‍ പോയത്‌. എന്നിട്ട്‌ രാത്രിയില്‍ വീണ്ടും അയാള്‍ വിളിച്ച്‌ ഇനിയും എഴുതണം, എന്നെപ്പോലെ ചില ശല്യങ്ങള്‍ ഇടയ്ക്കിടെ വരും, ഞങ്ങളെ പറ്റിയുമൊക്കെ എഴുതണം എന്നു പറഞ്ഞതും ഓര്‍മ്മയുണ്ട്‌. അന്നയാള്‍ മദ്യപിച്ചിരുന്നോ?

"സാറേ"

ഒരു കണ്ണട മുന്‍പില്‍. മറ്റൊരു ശരീരഭാഗവും ശ്രദ്ധിക്കപ്പെടാത്ത വിധത്തില്‍ ആ കറുത്ത കട്ടി ഫ്രെയിംകണ്ണട മുഖത്തുറപ്പിച്ച്‌ വെളുത്തു മെലിഞ്ഞ ഈ രൂപം എന്തിനാണാവോ ഇത്ര രാവിലെ..

"ഞാനൊരു പരിപാടിയ്ക്ക്‌ ക്ഷണിയ്ക്കുവാന്‍ വന്നതാ"മുറുക്കി തേഞ്ഞ പല്ലുകള്‍ കാട്ടി അയാള്‍ ഇളിച്ചു.

ഞാന്‍ ചാക്കൊയെ നോക്കി. ഇയാളെ ആരാ ഇങ്ങോട്ട്‌ കടത്തിവിട്ടത്‌ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം.

'ഒരു മുന്‍ ഗാന്ധിയനാ..മുന്‍പേ ഞാന്‍ പറഞ്ഞില്ലേ ഡോ. രാമവര്‍മ്മയുടെ പരിപാടി?അദ്ദേഹം വരില്ലത്രേ..മാഡം ചെല്ലാമോ എന്നു ചോദിക്കുവാനാ വന്നിരിക്കുന്നത്‌' ഇതു പറഞ്ഞ്‌ ചാക്കോ അമര്‍ത്തിച്ചിരിച്ചു. ഞാന്‍ പോകരുത്‌ എന്നാണാ ആ ചിരിയുടെ അര്‍ത്ഥം?

'മറ്റു സംഘാടകരൊക്കെ എവിടെ'?
കണ്ണടയില്‍ വിറയ്ക്കുന്ന കൈകള്‍ കൊണ്ടു തെരുപ്പിടിച്ച്‌ അയാള്‍ അല്‍പം ആവേശഭരിതനായി.

'എല്ലായിടത്തും പരസ്യം ചെയ്ത്‌ പണം മുടക്കി കഴിഞ്ഞപ്പോഴാ ഡോക്ടര്‍ വരില്ലെന്ന് അറിയിച്ചത്‌. വലിയൊരു സദസ്സ്‌ സംഘടിപ്പിച്ചിരുന്നു, എല്ലാവരും ഓരോരുത്തരെ വിളിക്കുവാന്‍ പോയിരിക്കുവാ.. എന്നെക്കൂടി കൊണ്ടുപോയാല്‍ വെറുതെ സമയം പോകുമെന്ന് പറഞ്ഞു ഇവിടുത്തെ കിട്ടുമോ എന്ന് ചോദിക്കാന്‍ വിട്ടതാ'

'ഒരു പകരക്കാരി ആയിട്ടാ?'
'അയ്യൊ. അങ്ങനെ പറയരുത്‌, ഡോക്ടര്‍ രാമവര്‍മ്മയ്ക്ക്‌ പകരം ആവുക എന്നതൊരു വലിയ ചാന്‍സാ..കളയണ്ട മാഡം, ഞാന്‍ നോവലുകളൊക്കെ വായിച്ചിട്ടുണ്ട്‌, നഗ്നതയെ പറ്റിയൊക്കെ ധാരാളം എഴുത്തില്‍ വരുന്നുണ്ടല്ലോ..വിഷയവും അതു തന്നെയാ'

ഈ വൃദ്ധന്‍ ആളു മോശമല്ലല്ലോ..ഈ പ്രായത്തിലും വായിക്കുമെന്നോ?മനസ്സിലെ പ്രണയത്തീ കെടാതെ സൂക്ഷിക്കുവാന്‍ ഇയാള്‍ക്കെങ്ങനെ കഴിയുന്നു?
'ചാക്കോസാറെ, വൈകിട്ട്‌ തിരക്കുണ്ടാകുമോ'
'മാഡം നാളെ ആപ്പീസര്‍ വരില്ലേ.എന്തെങ്കിലുമൊക്കെ ചെയ്തു വക്കണ്ടേ?'
'അതു സാരമില്ല' 'ഇയാളോട്‌ വണ്ടി ഏര്‍പ്പാട്‌ ചെയ്യാന്‍ പറയൂ'.

ആ നിര്‍ദ്ദേശത്തില്‍ തന്നെ വെറുമൊരു പകരക്കാരി ആക്കിയതിന്റെ കെറുവ്‌ നിഴലിച്ചിരുന്നുവോ?എന്തായാലും പോവുക തന്നെ. സ്ത്രീകളെ അപമാനിക്കുന്ന ഹുസ്സൈനിട്ട്‌ രണ്ട്‌ പറയണമെന്ന് ഓര്‍ത്തിരിക്കുകയായിരുന്നു.

അയാള്‍ വളരെ സന്തോഷത്തോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ട്‌ തൊഴുതു കടന്നു പോയി. വണ്ടി രണ്ട്‌ മണിയ്ക്ക്‌ ഓഫീസിന്റെ വാതില്‍ക്കല്‍ എത്തും. മൂന്നിനാണ്‌ പരിപാടി.
'ലീലാമ്മ വന്നോ'
'ഉവ്വേ'പുറത്തെ ഓഫീസു മുറിയിലേക്ക്‌ ചരിഞ്ഞു നോക്കി പറഞ്ഞു, 'ഉച്ച കഴിഞ്ഞ്‌ പരിപാടിയുണ്ട്‌, തയ്യാറായിക്കോണം, വീട്ടില്‍ കൊണ്ട്‌ വിടാം,
'ഉവ്വ്‌.' ലീലാമ്മ ഇവിടെ ഉള്ളത്‌ ഭാഗ്യം. അല്ലായിരുന്നുവെങ്കില്‍ പുറത്ത്‌ പോകുമ്പോഴെല്ലാം എതെങ്കിലും ആണ്‍സുഹൃത്തുക്കളെ വിളിക്കേണ്ടി വരുമായിരുന്നു.

ഒരു നാടകം പോലെ തോന്നുന്നു. രാവിലെ വന്നപ്പോള്‍ ചാക്കോ പറഞ്ഞതേയുള്ളു വിഷയം. അതിപ്പോള്‍ തന്റെ ചുമലില്‍ എത്തിയിരിക്കുന്നു. എന്തൊരു നിയോഗം?
ഓരോ ഫയലുകള്‍ മറിച്ച്‌ ഏതെങ്കിലും ഒരു പേജില്‍ ഒരു റിമാര്‍ക്ക്‌ എഴുതി മേലധികാരിയ്ക്ക്‌ റഫര്‍ എന്ന് നോട്ട്‌ ചെയ്ത്‌ അടുക്കി വയ്ക്കുക തന്നെ, നാളെ അയാള്‍ വരുമ്പോള്‍ തപാല്‍ സെക്ഷനില്‍ ആളില്ലാത്തതിന്റെ കാര്യം പറഞ്ഞ്‌ തലയൂരാമല്ലോ.
ചാക്കോ തലചൊറിഞ്ഞ്‌ അടുത്തു വന്നു. 'എന്തിനാ മാഡം എല്ലാം കൂടി എടുത്ത്‌ തലേല്‍ വയ്കുന്നത്‌? ഇതൊക്കെ വല്യ പൊല്ലാപ്പാകും കേട്ടോ'
'അതെന്താ'
'അതേയ്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌ നവജീവന്‍ എന്ന സംഘടനയാ, അവരുടെ കാഴ്ചപ്പാടല്ല മാഡം പറയുന്നതെങ്കില്‍ അടി ഉറപ്പാ'
ഒന്നു ചിരിച്ചെന്ന് വരുത്തി. അവര്‍ ഏതു പക്ഷക്കാരാണെന്ന് മെല്ലെ ചോദിച്ച്‌ മനസ്സിലാക്കി. അല്‍പം അവരുടെ ചുവയില്‍ സംസാരിക്കുവാന്‍ തന്നെ തീരുമാനിച്ചു.
വീണ്ടും ഫയലുകള്‍ 'തീര്‍പ്പാക്കുന്ന'തിന്റെ തിരക്കില്‍ മുഴുകി. സജീവമായിക്കഴിഞ്ഞ ഓഫീസില്‍ ഫാനുകളുടെ ശബ്ദവും പഴകിയ പശയുടെയോ മറ്റോ ഗന്ധവും മാത്രം. ചാക്കോ ഉറക്കം തൂങ്ങിത്തുടങ്ങി.
'അല്ലാ ചാക്കോസാര്‍ ഉറക്കം തുടങ്ങിയോ?'
'ക്ഷീണമുണ്ട്‌ മാഡം'
'ഞാന്‍ എന്തു പറയണമെന്ന് പറഞ്ഞില്ലല്ലോ'
'എന്റെ പൊന്നു സാറെ, അവിടെ മുഴുവന്‍ കയ്യടി കിട്ടുന്ന എന്തെങ്കിലുമൊക്കെ പറയണം, ഭാരത സംസ്കാരം എന്നൊന്നില്ല എന്നും കൂടി ചേര്‍ത്തേക്കണം, നഗ്നത എന്നത്‌ ദൈവികമായ ഒന്നായി നമ്മള്‍ കരുതിയിരുന്നു, ആ ദൈവികതയെ ആണ്‌ ഹുസ്സൈന്‍ വരച്ചത്‌ എന്നും പറയണം അല്ലാതെന്ത്‌! അടുത്ത മികച്ച സാംസ്കാരിക പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ്‌ പറയാനിരിക്കുകയാണെന്ന് ഓര്‍ത്തോളണം!'

ചര്‍ച്ചയോടുള്ള നിലപാട്‌ തീരുമാനമായത്‌ ഇപ്പോഴാണ്‌.

നന്ദി ചാക്കോ, നന്ദി,ഓരോ വിഷയങ്ങള്‍ക്കുള്ളിലും പല വിഷയങ്ങളുമുണ്ടെന്ന് പഠിപ്പിച്ചു തന്നതിനു നന്ദി.

Thursday, June 19, 2008

ചിത്രങ്ങളുടെ പണിപ്പുര.

ചുമരുകളില്ലാതെ
ചിത്രം വരയ്ക്കുന്നവര്‍
ഏറി വരുന്നു...
അവര്‍
കടം കൊണ്ട കിനാക്കളില്‍
ജീവിച്ചു മദിക്കുന്നു.

എല്ലാ നിറങ്ങളും
പൂക്കളാവില്ല,
എല്ലാ മണങ്ങളും
മുല്ലകളാവില്ല..

ആരും ഒന്നും
പറഞ്ഞുകൊടുക്കുന്നില്ല,
ഒരു മാതൃകയാവാന്‍
പഴയ ചിത്രങ്ങള്‍ മാത്രം..

ജീവിക്കുന്നവരെല്ലാം
വ്യാജസത്യങ്ങള്‍!
ജീവിക്കാത്തവര്‍
ചുമരുകളിലെ
ദുര്‍ഗന്ധം വമിക്കുന്ന
മിണ്ടാപ്രാണികള്‍..

എന്റെ കൊച്ചുകുട്ടി
എങ്ങനെ ജീവിക്കണം?
ആരുടെ കൈ പിടിച്ച്‌
അവള്‍ വളരണം?
ഓരോ കൈകള്‍ക്കും
ഓരോ നിറങ്ങളും
ദൈവങ്ങളും പിന്നെ
ചലനങ്ങളും....
ഉറവ വറ്റാത്ത
സ്വാര്‍ത്ഥതകളുടെ
പ്രവാഹങ്ങളും..!

ഞാനും
ചുമരില്ലാതെ
ചിത്രം വരയ്ക്കുന്നു,
എവിടെങ്കിലും
എല്ലാം തെളിയുമെന്ന്
മനം നിറഞ്ഞ്‌ പ്രാര്‍ത്ഥിക്കുന്നു,

സത്യം,ചിന്ത
എന്നിവ ജീവിതത്തിലെ
ഏറ്റവും ദുഖകാരിയായ
സംഗതികള്‍ എന്ന്
ആരും പഠിക്കുന്നില്ല..
പഠിപ്പിക്കുന്നുമില്ല.

എല്ലാവരും
ചിത്രങ്ങളുടെ
പണിപ്പുരയില്‍
ഉറക്കമില്ലാതെ
തൂങ്ങുന്നു!

Friday, May 02, 2008

ഓണ്‍ലൈന്‍..

ചലിക്കുന്നചക്രങ്ങള്
‍ചിരിക്കുന്നപൂവുകള്‍
ഉരുളുന്നതേരുകള്‍
വളരുന്നനിഴലുകള്‍

ഇവയ്ക്കൊന്നിനും
സ്ഥാനമില്ലാത്തമനസ്സുകള്‍

കരിങ്കല്ലുകള്‍
പൂവുകള്‍ പോലെ
വെയിലില്‍ കവിതയെഴുതുവാന്
‍തൂലികയ്ക്ക്‌ പകരം
ഉണങ്ങിയ ബീഡികള്‍..

തലച്ചുമടായി
നെല്ലു കൊയ്ത്‌വെയിലേറ്റ്‌
കരിഞ്ഞ മുഖത്ത്‌
എവിടെ ക്രീമുകളുടെതിളക്കം..
ഉണങ്ങി വരളുന്ന
ചുണ്ടുകള്‍ക്ക്‌എവിടെ
ചുവപ്പു നിറം?

പോപ്‌ പാടുവാന്
‍അവര്‍ക്കെവിടെ നേരം?

ഒന്നുമില്ല..

അവര്‍ ഒന്നും നേടുന്നില്ല,
ഒരു ഭര്‍ത്താവിന്റെ
പോലും സ്നേഹം
പിന്നെയല്ലേ
ആണ്‍സുഹൃത്തുക്കളുടെ
ഒലിപ്പിച്ച ചിരികള്‍?

മണ്ണിന്റെ മക്കള്‍
ജീവിക്കുമ്പോള്
‍ഓണ്‍ലൈന്‍ഇരുന്ന്
ബിയര്‍ കുടിച്ച്‌
പാവങ്ങളെ സഹായിക്കുവാന്
‍പ്രസ്ഥാനങ്ങള്‍രൂപീകരിക്കുന്ന
നമ്മള്‍ആരെ സുരക്ഷിതരാക്കുന്നു?

സ്വന്തം കാര്യങ്ങള്
‍നോക്കാതെലോകത്തിനു മുഴുവന്‍
ശുഭദിനവുംമംഗളാശംസകളും..


ഹാഹാഹാ..
കല്ലുരുട്ടിക്കയറ്റുന്നു
പിന്നെയും കുന്നിറക്കിക്കളയുവാന് ‍ഭ്രാന്തന്‍!