Sunday, April 06, 2008

ഞാനൊരനാഥന്‍

ഞാനൊരനാഥന്‍
ചിറകില്ലാത്തവന്‍,
വാടിയ പുല്‍ത്തണ്ടുകളില്‍
മേഘക്കീറുകള്‍,ഓണപ്പാട്ടുകള്‍,
കാതും കവിളും
മഞ്ഞും വെയിലും പെയ്തു
വേരടര്‍ പോലെ,മഴ പോലെ....,
മുളകളുറങ്ങി,പ്രാവുകള്‍
നെഞ്ചില്‍ തുടിയായുയരും,
പ്രണയം കാക്കും
കാട്ടരികില്‍
ചിറ പൊട്ടിയൊഴുകും
ചെടിയായി, മരമായി,
പൂക്കാലവുമായി,
കോലം തുള്ളും
പുലരികളായ്‌,
പുതുമഴകളുമായ്‌,
സ്വപ്നം പെയ്യും,
കാലത്തിന്റെ കണക്കുകളായി
തീരും ജന്മം,
ഞാനൊരനാഥന്‍..

എന്നെത്തേറ്റിയ
നാവിന്‍ തുമ്പില്‍
വെണ്മഴുവെറിഞ്ഞു
പൊട്ടിച്ചിരിച്ചു
പുളകം വിറച്ചു
മനവും മണവും
വായുവിലൊഴുകി
പുല്‍ക്കൊടി നിട്ടി-
ക്കലമാനിന്‍ കല
തൊട്ടു തലോടി
ക്കണ്ണുകള്‍ കുത്തി
പ്രേമിക്കുന്ന
തമസ്സിന്‍ പുത്രന്‍
ഞാനൊരനാഥന്‍..

മീനുകള്‍ കൊത്തിയൊഴുക്കിയ
തോട്ടിലെയാകാശം ഞാന്‍
ചെറിയൊരു പാട്ടിന്‍
കീഴാളരാഗം, ബൗദ്ധിക
വരിയില്‍ കാട്ടാളത്തം,
പുഞ്ചിരിയില്‍
തേനില്ലാത്തേറ്റകള്‍
പാടാന്‍ കഴിയില്ലിവയുടെ
മുകളില്‍ കുത്തി മരിക്കും
തേനീച്ചകളുടെയപശ്രുതിരാഗം,
ഞാനൊരനാഥന്‍..

നീയില്ലാത്തൊരു ലോകം
കൈപ്പിടിയേറ്റിക്കേഴും ബാല്യം
നിന്നോര്‍മ്മകളോ
മുങ്ങിത്താഴും പാടവരമ്പിന്‍
താഴെത്തോടുകള്‍,
പശുവിന്‍ ചാണകം
പന്നിക്കൂട്ടം, കാക്കച്ചികയല്‍,
ആര്‍ക്കും വേണ്ടാത്തവകളിലെല്ലാം
എന്നും ഞാന്‍..

ഞാനൊരനാഥന്‍..!

4 comments:

Unknown said...

നല്ല വരികള്‍

Dr.Biji Anie Thomas said...

നല്ല വരികള്‍ തന്നെ..അബിനന്ദനങ്ങള്‍ അനില്‍..
ഞാനും ഒരനാഥന്‍,ഏകാന്തപഥികന്‍ തന്നെ.. എന്റെ വഴികളില്‍ തനിയെ..തനിയെ..

jyothi said...

അങ്ങിനെ എവിടെയൊക്കെയോ എത്രയോ അനാഥന്മാര്‍, അല്ലെ?നന്നു...ഇനിയുമെഴുതൂ....

Mr. X said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.