Thursday, June 19, 2008

ചിത്രങ്ങളുടെ പണിപ്പുര.

ചുമരുകളില്ലാതെ
ചിത്രം വരയ്ക്കുന്നവര്‍
ഏറി വരുന്നു...
അവര്‍
കടം കൊണ്ട കിനാക്കളില്‍
ജീവിച്ചു മദിക്കുന്നു.

എല്ലാ നിറങ്ങളും
പൂക്കളാവില്ല,
എല്ലാ മണങ്ങളും
മുല്ലകളാവില്ല..

ആരും ഒന്നും
പറഞ്ഞുകൊടുക്കുന്നില്ല,
ഒരു മാതൃകയാവാന്‍
പഴയ ചിത്രങ്ങള്‍ മാത്രം..

ജീവിക്കുന്നവരെല്ലാം
വ്യാജസത്യങ്ങള്‍!
ജീവിക്കാത്തവര്‍
ചുമരുകളിലെ
ദുര്‍ഗന്ധം വമിക്കുന്ന
മിണ്ടാപ്രാണികള്‍..

എന്റെ കൊച്ചുകുട്ടി
എങ്ങനെ ജീവിക്കണം?
ആരുടെ കൈ പിടിച്ച്‌
അവള്‍ വളരണം?
ഓരോ കൈകള്‍ക്കും
ഓരോ നിറങ്ങളും
ദൈവങ്ങളും പിന്നെ
ചലനങ്ങളും....
ഉറവ വറ്റാത്ത
സ്വാര്‍ത്ഥതകളുടെ
പ്രവാഹങ്ങളും..!

ഞാനും
ചുമരില്ലാതെ
ചിത്രം വരയ്ക്കുന്നു,
എവിടെങ്കിലും
എല്ലാം തെളിയുമെന്ന്
മനം നിറഞ്ഞ്‌ പ്രാര്‍ത്ഥിക്കുന്നു,

സത്യം,ചിന്ത
എന്നിവ ജീവിതത്തിലെ
ഏറ്റവും ദുഖകാരിയായ
സംഗതികള്‍ എന്ന്
ആരും പഠിക്കുന്നില്ല..
പഠിപ്പിക്കുന്നുമില്ല.

എല്ലാവരും
ചിത്രങ്ങളുടെ
പണിപ്പുരയില്‍
ഉറക്കമില്ലാതെ
തൂങ്ങുന്നു!

6 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഒരു ബൂലോകത്തിന്റെ മണം.. ചിത്രങ്ങള്‍ക്കും ചിലപ്പൊ മണമുണ്ടാവുമല്ലെ?

CHANTHU said...

ആ ചിത്രം തെളിയട്ടെ...

siva // ശിവ said...

വലിയ ചിന്തകള്‍ ചെറിയ വരികളിലൂടെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഈ വരികള്‍ മനോഹരം.

Unknown said...

ചിത്രങ്ങളും ചിന്തകളും വളരട്ടേ

Mahi said...

നന്നായിട്ടുണ്ട്‌

Anonymous said...

oru kaviyum koode analee...