Tuesday, April 07, 2009

ജല്പനങ്ങള്‍.

നിങ്ങള്‍ എന്നെ
ഒരു ഏകാധിപതിയാക്കി,
ഇപ്പോള്‍ എന്നെ കുഴിച്ച്‌ മൂടുന്നവരുടെ
തൂമ്പയ്ക്‌ നിങ്ങള്‍ പല്ലുകള്‍,

നിങ്ങളുടെ
കണ്ണുകള്‍ക്ക്‌ ഞാന്‍ തിളക്കമേകി,
ഇപ്പോള്‍ അന്ധകാരത്തിലേക്ക്‌
എന്നെ തള്ളി വീഴ്ത്തുന്നു..

എന്റെ വീടിന്‌
ചിറകു മുളച്ച്‌ എവിടേയ്ക്കോ
പറന്നു പോകുന്നു..

എന്റെ പറമ്പിലെ
മുളങ്കാട്‌ വടി കുത്തിപ്പിടിച്ച്‌
പടിയിറങ്ങുന്നു

എന്നെ
നെഞ്ചേറ്റി ചൂടു പകര്‍ന്ന
നെരിപ്പോട്‌
ദാഹം തീര്‍ക്കാന്‍
നദിയിലിറങ്ങി ഒഴുകിപ്പോകുന്നു,

എന്നെ പാടിയുറക്കിയ
ഉത്സവങ്ങള്‍
ആനയില്ലാതെ
ആരവമില്ലാതെ
കുന്ന് കയറുന്നു,

എന്നെ പോറ്റി
വളര്‍ത്തിയ മൃതദേഹം
ആരോ കീറി മുറിയ്ക്കുന്നു..

അകത്ത്‌
കൊത്തിവലിച്ച്‌
മുളകള്‍ കൊണ്ട്‌ ചികഞ്ഞ്‌
ആരോ ഹൃദയം മിടിപ്പിയ്ക്കുന്നു,

ആഴമാപിനി കൊണ്ട്‌
ആത്മര്‍ത്ഥതയുടെ ആഴം
അളന്ന് കുറിയ്ക്കുന്നു,

വഞ്ചിക്കപ്പെട്ട്‌
കഴിയുമ്പോഴാണ്‌
നമ്മള്‍ പലപ്പോഴും
ആത്മാര്‍ത്ഥതയുടെ
ആഴമറിയുന്നത്‌
എന്ന് പാടിക്കൊണ്ട്‌
ഒരു കുരുവി
ചെവിയ്ക്കുള്ളില്‍
കൂട്‌ കൂട്ടുന്നു..

എന്റെ മൃതദേഹത്തില്‍
ചിലന്തികളുടെ നൃത്തം..

എന്നെ ഏകാധിപതിയാക്കിയവര്‍
ചിലന്തികളെപ്പോലെ
എന്നെ ഇരയാക്കുന്നു..

6 comments:

Ampily said...

mandaaram anoo ithinte pinnile bhavanaa shakti...........

രവി said...

എന്തിനിങ്ങനെ വിലപിക്കുന്നു?

പിള്ളാച്ചന്‍ said...

മന്ദാരമല്ലാ... മറ്റേതോ ഒരു കമ്മ്യൂണിറ്റിയാ....

കൊള്ളിയാന്‍ said...
This comment has been removed by the author.
കൊള്ളിയാന്‍ said...

വഞ്ചിക്കപെട്ടു കഴിയുമ്പോള്‍ ആണ് പലരും ആത്മാര്‍ഥതയുടെ ആഴം അറിയുന്നത് ???
കുഴിച്ചു മൂടാന്‍ വെമ്പുന്നവരുടെ തൂമ്പയുടെ പല്ലുകള്‍ക്ക്‌ പെട്ടെന്ന് കിട്ടുന്ന മൂര്‍ച്ച താത്കാലികം മാത്രമാരിക്കും .വെപ്പുപല്ലുകള്‍ ഒരിക്കലും ശരീരത്തിന്റെ ഭാഗം ആവില്ല സുഹൃത്തേ .ശരീരത്തിലെ കന്നി പല്ലുകള്‍ കൊഴിഞ്ഞു എന്ന് വരാം ..യഥാര്‍ത്ഥ ദന്തങ്ങള്‍ അതിലും ശക്തിയോടെ തുടര്ന്നുണ്ടാവുന്നതും ശരീരത്തില്‍ അലിയുന്നതും താങ്കള്‍ കാണുന്നില്ലേ ......
ആശംസകള്‍

Kaniyapuram Noushad said...

അധികാരത്തിന്റെയും ,ഗര്‍വിന്റെയും ഇടയില്‍ എപ്പോഴും ചുറ്റുപാടുകളുടെ ശാന്തത തിരിച്ചറിയില്ല.തലയിലേറിയ മന്നന്റെ മാറാപ്പു ..................