Saturday, April 05, 2008

വീഴാതെ...

ഒരിക്കലും
തിരികെ പോകരുത്‌
എന്ന് ഗീതോപദേശം..
വഴിയിലെല്ലാം മുള്ളുകളും
ചുഴി നിറഞ്ഞ കടത്തുകാരനില്ലാത്ത
അക്കരെകളും..

ആരും അന്യരല്ല,
ആരും നമ്മുടേതുമല്ല,
സ്വന്തമായി ഉണ്ടെന്ന്
പറയാതെയിരിക്കുക,
എന്തെന്നാല്‍

സ്വന്തങ്ങളെല്ലാം
വിശ്വാസങ്ങള്‍ മാത്രം,
കുമിളകള്‍ പോലുള്ള
വിശ്വാസങ്ങള്‍.

ഒരു പ്രതീക്ഷയായി
അമ്മയുടെ വിളി..
അതും പിന്‍ വിളി..
തിരികെ പോകുവാനാവില്ലല്ലോ.

ഒരു വിത്തായി
മണ്ണില്‍ വീണ്‌
പൊട്ടി മുളച്ച്‌
ചിറകു വിരിഞ്ഞ്‌
വളര്‍ന്ന് വന്നപ്പോള്‍
ഇലകളില്‍ ദുഖം

ഇളം കാറ്റില്‍
കൊഴിയുന്നതും
കൊഴിച്ചു കളയുന്നതുമായ ഇലകള്‍,
മരം എന്നും പ്രസരിപ്പോടെ..

ഒടുവില്‍
വികാരങ്ങളുടെ
നൂല്‍ബന്ധത്തില്‍
മനം തൂങ്ങി
മരിക്കാതെയും

വിട്ടു പോകാതെയും
ഈ ഇലയും
കൊഴിയല്‍ കാത്ത്‌
പിടിച്ചു നില്‍ക്കുമ്പോള്‍
മരച്ചുവട്ടില്‍
ഭാഗവത സപ്താഹം..

വരും ജന്മത്തിലെ പ്രവൃത്തികള്‍ക്കെങ്കിലും
മോക്ഷമാര്‍ഗ്ഗം ലഭിക്കുവാന്‍
വെറുതെ കേട്ടിരിക്കുന്നു..
മനസ്സ്‌ പിന്മാറുന്നില്ല!

കൊഴിയുന്ന ഇലകളും
അതു കേട്ടുകൊണ്ടാണ്‌
വീഴുന്നത്‌,
എന്നു തോന്നുന്നില്ല.

സ്നേഹത്തുമ്പില്‍ നിന്നൊരു
മഞ്ഞു കണം
മെല്ലെ വാര്‍ന്നു വീണു,
ആരുടെയും കരങ്ങളിലേക്കല്ലാതെ..!

2 comments:

കണ്ണൂരാന്‍ - KANNURAN said...

കവിത നിറയെ തത്വശാസ്ത്രമാണെങ്കിലും ഇഷ്ടപ്പെട്ടു.

Dr.Biji Anie Thomas said...

ചിന്തനീയമായ കുറെ വരികള്‍..നല്ലത്.
ആരും അന്യരല്ല,
ആരും നമ്മുടേതുമല്ല,
സ്വന്തമായി ഉണ്ടെന്ന്
പറയാതെയിരിക്കുക,
എന്തെന്നാല്‍
സ്വന്തങ്ങളെല്ലാം
വിശ്വാസങ്ങള്‍ മാത്രം,
കുമിളകള്‍ പോലുള്ള
വിശ്വാസങ്ങള്‍.
തീര്‍ച്ചയായും ആരെങ്കിലുമൊക്കെ സ്വന്തമായി ഉണ്ട് എന്ന വിശ്വാസം നല്ലതാണങ്കിലും, ചിലനേരങ്ങളിലെങ്കിലും തനിയെ ഒറ്റപ്പെട്ടു പോയേക്കാമെന്നും , അങ്ങനെ വന്നാലും പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ എന്റെ വഴിയാത തുടരുമെന്നൊരു ചിന്ത ഉള്ളീല്‍ സൂക്ഷിക്കുന്നത് നല്ലതാണ്..അതിജീവനത്തിന്റെ പാഠങ്ങള്‍..